ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഏഴ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. കഴിഞ്ഞ ദിവസമാണ് ഇ-മെയിൽ വഴി ഭീഷണിസന്ദേശം എത്തിയത്. തുടർച്ചയായി ഏഴാം ദിവസമാണ് സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശങ്ങൾ വരുന്നത്. 12 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതായി ഡെപ്പ്യൂട്ടി പൊലീസ് കമ്മീഷണർ അമിത് ഗോയൽ പറഞ്ഞു. വിശദമായ തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല.
സന്ദേശങ്ങളയക്കുന്നവർ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകളും (VPN) ഡാർക്ക് വെബും ഉപയോഗിക്കുന്നുണ്ട്. അതിനാലാണ് കുറ്റവാളികളെ കണ്ടെത്താനാവാത്തതെന്നാണ് ഡൽഹി സൈബർ സംഘത്തിന്റെ വാദം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















