തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. വിഴിഞ്ഞം തെന്നൂർക്കോണം കുഴിവിള നിവാസി ബെൻസിംഗറി(39)ന്‍റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തിൽ കാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച മണൽ നിറച്ച മൂന്നു കന്നാസുകളുമായി കൂട്ടിച്ചേർത്ത് കെട്ടി പൂട്ടുകൾ കൊണ്ട് ബന്ധിച്ചിരുന്നു. കണ്ണുകൾ തോർത്തുകൊണ്ട് മറച്ച് കെട്ടിയിരിക്കുന്നതായും കണ്ടെത്തി.
പൂവാർ പള്ളം പുരയിടം സ്വദേശിയാണെങ്കിലും ഒൻപത് വർഷമായി വിഴിഞ്ഞത്തായിരുന്നു താമസം. മൃതദേശം കണ്ടെത്തിയത് പൂവാർ പൊഴിയൂർ ഭാഗത്തായാണ്. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ പോലീസ് ദുരൂഹത സംശയിക്കുന്നു.
ഇയാളുടെ വള്ളത്തിൽ നിന്നു ലഭിച്ച മൊബൈൽ ഫോണിൽ മൃതദ്ദേഹത്തിലെ കെട്ടും കന്നാസുകളും സംബന്ധിച്ച നിർണായക ദൃശ്യങ്ങളുണ്ടെന്നു പൊലീസ് സൂചന നൽകി. വള്ളത്തിൽ നിന്ന് ഒരു മൊബൈൽ ഫോണും ചെരുപ്പും, താക്കോലും കണ്ടെത്തിയിരുന്നു. ഈ താക്കോലുപയോഗിച്ചാണ് കാലുകളിലെ ചങ്ങല പൂട്ട് തുറക്കാനായതെന്നു കോസ്റ്റൽ പൊലീസ് പറഞ്ഞു. ഈ മാസം 1ന് രാത്രി ഒറ്റയ്‌ക്ക് മത്സ്യബന്ധനത്തിനു പോയ ബെൻസിംഗറിനെയാണ് കടലിൽ കാണാതായത്.















