വാഷിംങ്ടൺ: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘമായ ദി റെഡിസ്റ്റൻസ് ഫ്രണ്ടിനെ (TRF) ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രഖ്യാപനം. ടിആർഎഫ് വിദേശഭീകരസംഘടനയാണെന്ന് യുഎസ് വ്യക്തമാക്കി.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരസംഘടനയുടെ ഭാഗമാണ് ടിആർഎഫ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ടിആർഎഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇന്ത്യൻ പ്രതിരോധസേനയ്‌ക്ക് നേരെ നടത്തിയ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ട്.
രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭീകരതയെ ചെറുക്കുന്നതിനും പഹൽഗാം ആക്രമണത്തിന് നീതി ലഭിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്വീകരിച്ച നടപടി ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധത എടുത്തുകാണിക്കുന്നുവെന്ന് യുഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുമായി കൈകോർക്കുമെന്നും ഭീകരർക്ക് കടുത്ത ശിക്ഷ നൽകുമെന്നും യുഎസ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കി.















