പത്തനംതിട്ട: കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയകെട്ടിട ഭാഗങ്ങളാണ് തകർന്നുവീണത്. രണ്ട് വർഷമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു കെട്ടിടം. പൊളിച്ചുമാറ്റാനായി പദ്ധതിയിടുന്നതിനിടെയാണ് തകർന്നുവീണത്.
80 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. രണ്ട് വർഷമായി ഇത് ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കെട്ടിടം തകർന്നതായാണ് വിവരം. രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് കെട്ടിടം നിലംപൊത്തി കിടക്കുന്നത് കണ്ടത്. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. സംഭവം നടന്നത് രാത്രി ആയതിനാൽ വലിയ അപകടം ഒഴിവായി.
സ്കൂൾ കോംബൗണ്ട് ആയതിനാൽ തന്നെ ഇടവേള സമയങ്ങളിൽ കുട്ടികൾ ഈ ഭാഗത്ത് വന്നിരുന്നു. രാത്രി ആയതിനാലാണ് വൻ അപകടം ഒഴിവായത്. ആദ്യകാലങ്ങളിൽ സ്കൂളിനായി നിർമിച്ച കെട്ടിടമാണിത്.















