ആലപ്പുഴ: നൂറനാട് അമ്മയേയും പെൺമക്കളെയും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടു. ആദിക്കാട്ടുകുളങ്ങര സ്വദേശിനി റജുബയെയും കുടുംബത്തേയുമാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി നൗഷാദും സംഘവും ഇറക്കി വിട്ടത്. പൊലീനെയും നിയമ സംവിധാനത്തെയും നോക്കു കുത്തിയാക്കി കൊണ്ടാണ് ഇവരുടെ പ്രകടനം.സിപിഎം നേതാവ് കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ഫോൺ കോൾ ജനം ടിവിക്ക് ലഭിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് കുടുബം തകര ഷെഡ് കൊണ്ട് നിർമിച്ച വീട്ടിൽ താമസത്തിന് എത്തിയത്. ഏഴ്, രണ്ട് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം. റജൂബുടെ ഭർത്താവ് ടാക്സി ഡ്രൈവറാണ്. റജൂബയുടെ ഭർത്താവിന്റെ അമ്മയും ഇവരോടൊപ്പമുണ്ട്.
കുട്ടികളെയും കൊണ്ട് ആശുപത്രിയിൽ പോയിരുന്ന സമയത്താണ് നൗഷാദ് വീട് പൂട്ടി പാർട്ടി കൊടി കുത്തിയത്. വീട്ടിൽ കയറാൻ ശ്രമിച്ച ഇവരെ നൗഷാദും സംഘവും ശാരീരികമായി ആക്രമിച്ചു. ഭർത്താവ് മടങ്ങി എത്തുന്നത് വരെ താമസിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ട് പോലും സമ്മതിച്ചില്ല. കനത്ത മഴയിൽ ഏഴ് മണിക്കൂറോളമാണ് ഇവരെ പുറത്ത് നിർത്തിയത്. കുട്ടികൾക്ക് ഭക്ഷണം എടുക്കാൻ പോലും അനുവദിച്ചില്ല. ഒടുവിൽ പൊലീസ് എത്തിയാണ് വീട് തുറന്ന് നൽകിയത്.
ഷാഹുൽ ഹമീദ് എന്ന വ്യക്തിയിൽ നിന്നാണ് ഇവർ വീട് വാടകയ്‌ക്കെടുത്തത്. ഷാഹുൽ ഹമീദ് പണം നൽകാനുണ്ടെന്നും ആ പണം തിരികെ ലഭിക്കാതെ വീട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്നുമാണ് സിപിഎം നേതാക്കളുടെ വാദം. കൂടാതെ ഇഎംഎസ് ഭവന പദ്ധതി പ്രകാരമുള്ള വീടാണ് അതിൽ മറ്റാരെയും താമസിക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ പറയുന്നു. എന്നാൽ അത്തരം ഒരു നിയമ പ്രശ്നമുണ്ടങ്കിലും പൊലീസിനെ സമീപിക്കാതെ നിയമം കയ്യിൽ എടുക്കാൻ ലോക്കൽ കമ്മിറ്റിക്ക് എന്ത് അധികാരം എന്ന ചോദ്യമാണ് ഉയരുന്നത്.















