പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാർ ട്രാക്ടറിൽ ശബരിമലയ്‌ക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ശബരിമലയിലേക്കും തിരിച്ചുമുള്ള പാതകളിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് പേഴ്സണൽ സ്റ്റാഫുകളും എഡിജിപിയോടൊപ്പം ട്രാക്ടറിലുണ്ടായിരുന്നു. ഇത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാലുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ട്രാക്ടറിൽ മല കയറിയതെന്ന് ഡിജിപിക്ക് നൽകിയ വിശദീകരണ കുറിപ്പിൽ അജിത് കുമാർ വ്യക്തമാക്കി.
സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് യാത്ര ചെയ്യുന്ന ദൃശങ്ങളാണ് പുറത്തുവന്നത്. ശബരിമലയിലേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പൊലീസിന്റെ ട്രാക്ടറിലായിരുന്നു അജിത് കുമാറിന്റെ യാത്ര. മല കയറുന്ന സമയത്താണ് ട്രാക്ടർ വന്നതെന്നും കാലുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കയറിയതെന്നും അജിത് കുമാറിന്റെ വിശദീകരണ കുറിപ്പിൽ പറയുന്നുണ്ട്.
വിഷയം വിവാദമായതിന് പിന്നാലെ ഹൈക്കോടതി ഇടപെട്ടിരുന്നു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഗുരുതര നിയമലംഘനമാണ് ഉണ്ടായിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ശബരിമല പാതയിൽ ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവുവെന്നും ഡ്രൈവറല്ലാതെ മറ്റാരും വാഹനത്തിൽ ഉണ്ടാകരുതെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ നിർദേശങ്ങളും ഉത്തരവുകളും കാറ്റിൽ പറത്തിയാണ് എഡിജിപി മലകയറിയത്.















