സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് അപകട ഇൻഷുറൻസുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. രാജ്യത്തെ 650 സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്കാണ് താരം സ്വന്തം ചെലവിൽ ലൈഫ് ഇൻഷൂറൻസ് എടുത്ത് നൽകിയത്.
സെറ്റിൽ വച്ചോ അല്ലാതെയോ അപകടം സംഭവിച്ചാൽ 5.5 ലക്ഷം വരെ പണരഹിത ചികിത്സ ഇതിലൂടെ ലഭിക്കും. എല്ലാം ഭാഷകളിൽ പ്രവർത്തിക്കുന്നവരും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സ്റ്റണ്ട് മാൻ എസ്.എം. രാജുവിന്റെ ദാരുണ മരണത്തിന് പിന്നാലെയാണ് അക്ഷയ് കുമാറിന്റെ കരുതൽ. മൂവി സ്റ്റണ്ട് ആർട്ടിസ്റ്റ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി ഐജാസ് ഖാനും നടനെ പ്രശംസിച്ച് രംഗത്തെത്തി.
സ്റ്റണ്ട് മാൻ മരണം ഇന്ത്യൻ സിനിമ ലോകത്തെ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പാ രഞ്ജിത്ത്- ആര്യ ചിത്രം വേട്ടുവയുടെ സെറ്റിൽ കാർ സ്റ്റഡ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് രാജു മരിച്ചത്. രാജു ഓടിച്ചിരുന്ന എസ്യുവി റാമ്പിലൂടെ കുതിച്ച് കീഴ്മേൽ മറിഞ്ഞ് മുൻഭാഗം കുത്തി താഴേക്ക് വീഴുകയായിരുന്നു.
തലയ്ക്കുള്ളിലെ രക്തസ്രാവം ഉൾപ്പെടെ ഗുരുതരമായ ആന്തരിക പരിക്കുകളാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ പാ രഞ്ജിത്തിനും മറ്റ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സെറ്റിൽ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു.















