റായ്‌പൂർ: ഛത്തീസ്ഗഡിൽ നടക്കുന്ന നക്സൽ വിരുദ്ധ ഓപ്പറേഷനുകളുടെ ഫലമായി അഞ്ച് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന. സുക്മ ജില്ലയിലെ ചിന്തൽനാർ പോലീസ് സ്റ്റേഷൻ പരിധിക്ക് സമീപം നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായത്.
ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (DRG), ബസ്തർ ഫൈറ്റേഴ്‌സ്, പ്രാദേശിക പോലീസ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ വൻതോതിൽ സ്ഫോടകവസ്തു ശേഖരവും കണ്ടെടുത്തു. പിടിച്ചെടുത്തവയിൽ 20 ജെലാറ്റിൻ സ്റ്റിക്കുകൾ, എട്ട് ഡിറ്റണേറ്ററുകൾ, 10 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, ഏകദേശം മൂന്ന് മീറ്റർ നീളമുള്ള കോർഡെക്സ് വയർ എന്നിവ ഉൾപ്പെടുന്നു.
അറസ്റ്റിലായ മാവോയിസ്റ്റുകൾ ജാഗർഗുണ്ട-പാമേഡ് ഏരിയ കമ്മിറ്റിയിലെ സജീവ അംഗങ്ങളായിരുന്നു. 2024 നവംബർ 24 ന് ഒരു പോലീസ് പട്രോളിംഗ് സംഘത്തെ ലക്ഷ്യമിട്ട് നടന്ന വെടിവയ്പ്പിൽ ഇവർ ഉൾപ്പെട്ടിരുന്നുവെന്നും സുക്മ എസ്പി കിരൺ ചവാൻ പറഞ്ഞു. ചിന്തൽനാർ പോലീസ് സ്റ്റേഷനിൽ അഞ്ച് പേർക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ നാല് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്.















