കൊൽക്കത്ത: ആർജികാർ ബലാത്സംഗ, കൊലപാതക കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ കൊൽക്കത്ത ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞ് മുൻ പോലീസ് കമ്മീഷണർ വിനീത് കുമാർ ഗോയൽ. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിനീത് കുമാർ, ജസ്റ്റിസ് രാജ ശേഖർ മന്ത, ജസ്റ്റിസ് അജയ് കുമാർ ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് തന്റെ അഭിഭാഷകർ സമർപ്പിച്ച കത്തിലൂടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്.
വ്യാഴാഴ്ച കൈമാറിയ കത്ത്, വിനീത് കുമാറിനെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസിലെ വാദം കേൾക്കലിന്റെ ഭാഗമായിരുന്നു. പേരു വെളിപ്പെടുത്തിയത് മനഃപൂർവ്വമല്ലെന്നും സംഭവത്തിന് പിന്നിൽ യാതൊരു ദുരുദ്ദേശ്യവുമില്ലായിരുന്നുവെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന് മുൻ പോലീസ് കമ്മീഷണർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം കൊൽക്കത്ത പോലീസ് കമ്മീഷണറായിരുന്ന വിനീത് കുമാർ, ആർജി കാർ ആശുപത്രിയിൽ നടന്ന ദാരുണമായ ബലാത്സംഗ-കൊലപാതക സംഭവത്തെത്തുടർന്ന് നടത്തിയ മാധ്യമസമ്മേളനത്തിൽ ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുകയും ഒരുവിഭാഗം കമ്മീഷണർക്കെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകുകയും ചെയ്തു. ക്ഷമാപണം ശ്രദ്ധയിൽപ്പെട്ട കോടതി, കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു.















