തൃശൂർ: ഗുരുവായൂരിൽ ദർശനത്തിനെത്തുന്ന ഭക്തരെ കബളിപ്പിച്ച് പണം തട്ടുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വ്യാപകമെന്ന് സൂചന. ഇത് സംബന്ധിച്ച് നിരവധി ആരോപങ്ങളും ഭക്തരുടെ പരാതികളും ഉയർന്ന സാഹചര്യത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ഭക്തജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.
ദേവസ്വം ഐഡികളോട് സാമ്യമുള്ള ഇമെയിൽ ഐഡികളും ഓൺലൈൻ വിലാസങ്ങളും ഇത്തരത്തിൽ തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓൺലൈനായും വാട്സാപ്പിലൂടെയും പണം വാങ്ങി ദർശനത്തിനും വഴിപാടിനുമുള്ള സൗകര്യം ഒരുക്കി തരാമെന്ന് വാഗ്ദാനം നൽകുകയാണ് തട്ടിപ്പുകാരുടെ രീതി.
വർഷങ്ങളായി ഗുരുവായൂരിൽ ദർശനം നടത്താനിരുന്ന ഭക്തർക്ക് ദർശനവും മറ്റ് താമസ സൗകര്യങ്ങളുമുൾപ്പെടെ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങുന്ന ഇടനിലക്കാർ ഇവിടെ മുൻപും സജീവമാണ്. ഇത്തരം തട്ടിപ്പുകൾ പലതവണ കുടുങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോൾ ഓൺലൈൻ തട്ടിപ്പുകാരും ചുവടുറപ്പിച്ചിരിക്കുകയാണ്. പരാതികൾ ലഭിച്ചതോടെ ക്ഷേത്രത്തിലെ കാര്യങ്ങൾക്കായി ദേവസ്വം ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭക്തർ ജാഗ്രത പുലർത്തണമെന്നും തട്ടിപ്പിനിരയായാൽ ഉറപ്പായും പ്രതി നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.