റാഞ്ചി: ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലെ അബുജ്മദ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലുണ്ഡ്യാ പ്രദേശത്തുനിന്നും ആറ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു.
പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുടെ സംയുക്ത സംഘങ്ങൾ പ്രദേശത്ത് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഓപ്പറേഷൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെ സേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പ് ഉണ്ടായി.
സ്ഥലത്ത് നിന്ന് എകെ-47, എസ്എൽആർ റൈഫിളുകൾ, മറ്റ് നിരവധി ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, എന്നിവയുൾപ്പെടെ വലിയൊരു ആയുധശേഖരം സൈന്യം കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് നേതാവ് സോധി കണ്ണ കൊല്ലപ്പെട്ടിരുന്നു. സർക്കാർ തലയ്‌ക്ക് എട്ട് ലക്ഷം രൂപ വിലയിട്ടിരുന്ന മോവോയിസ്റ്റ് ഭീകരനെയാണ് സേന വധിച്ചത്.