കൊച്ചി: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിയ്‌ക്ക് ദേവസ്വം അനുമതി നൽകിയ സംഭവം അതീവ ഗൗരവതരമെന്ന് ഹൈക്കോടതി. തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നോയെന്നും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു. മറുപടിയ്‌ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സാവകാശം തേടി.
തമിഴ്നാട് ഈറോഡ് സ്വദേശിയും ഡോ. ഇ. കെ സഹദേവനാണ് അയ്യപ്പ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയത്. ലഘുലേഖകൾ അച്ചടിച്ച് വിപുലമായ രീതിയിയിലായിരുന്നു പണപ്പിരിവ്. തമിഴ്നാട്ടിൽ വിതരണം ചെയ്ത ലഘുലേഖയിൽ ബാങ്ക് അക്കൗണ്ട് നമ്പറും ക്യൂആർ കോഡും മൊബൈൽ നമ്പറും അടക്കമുണ്ടായിരുന്നു. ക്ഷേത്രാങ്കണത്തിൽ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയതായി ദേവസ്വം ബോർഡ് സെക്രട്ടറി ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്ക് കത്തും നൽകിയിരുന്നു. എന്നാൽ വിഗ്രഹം സ്ഥാപിക്കാനോ പണപ്പിരിവ് നടത്താനോ അനുമതി നൽകിയില്ലെന്നാണ് ബോർഡ് വാക്കാൽ കോടതിയെ അറിയിച്ചത്.
സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് വിഷയം സ്വമേധയാ പരിഗണിച്ചത്. സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തിൽ തന്ത്രിയുടെ അനുമതി വാങ്ങിയിരുന്നോ എന്നും ദേവസ്വം ബോർഡിനോട് ചോദിച്ചു.
വിഷയത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിഷയത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് പൊലീസ് കോർഡിനേറ്റർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. അന്നദാന മണ്ഡപത്തിലും മറ്റിടങ്ങളിലും സ്ഥാപിച്ച അയ്യപ്പ വിഗ്രഹത്തിന്റെ പേരിലും പണപ്പിരിവ് നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണറോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിർദ്ദേശം അനുസരിച്ച് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്ന പ്ലാറ്റ് ഫോമുകളിൽ അനധികൃത പണപ്പിരിവിനെതിരെ മുന്നറിപ്പ് നൽകിയതായി ദേവസ്വം ബോർഡ് അറിയിച്ചു.















