ന്യൂഡൽഹി:നോയിഡയിൽ ഹോസ്റ്റൽ മുറിയിൽ വിഢിയാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ. ഗുരുഗ്രാമിൽ നിന്നുള്ള രണ്ടാം വർഷ ബിഡിഎസ് വിദ്യാർത്ഥിനിയായ ജ്യോതി ശർമ്മയെയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഗ്രേറ്റർ നോയിഡയിലെ ഒരു സ്വകാര്യ സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് രണ്ട് സർവകലാശാല ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
ജ്യോതിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ രണ്ട് പ്രൊഫസർമാരും സർവകലാശാലാ ഭരണകൂടവും മാനസികമായി പീഡിപ്പിച്ചതായി ആരോപിക്കുന്നു. അധ്യാപകർ വളരെക്കാലമായി തന്നെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് വിദ്യാർത്ഥിനിയുട കത്തിൽ പറയുന്നു. പ്രതികൾ നിയമനടപടി നേരിടണമെന്നും ജ്യോതി ആഗ്രഹം പ്രകടിപ്പിച്ചു.
“അവരെ ജയിലിൽ അടയ്‌ക്കണമെന്നാണ് എന്റെ ആഗ്രഹം. അവർ എന്നെ മാനസികമായി പീഡിപ്പിച്ചു. അവർ എന്നെ അപമാനിച്ചു. വളരെക്കാലമായി ഞാൻ ഈ സമ്മർദ്ദത്തിലാണ്. അവരും ഇ വേദന അനുഭവിക്കണം,” ജ്യോതി തന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
വിദ്യാർത്ഥിനിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സർവകലാശാല മാനേജ്‌മെന്റിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ഗ്രേറ്റർ നോയിഡയിലെ അഡീഷണൽ ഡിസിപി സുധീർ കുമാർ പറഞ്ഞു. വിദ്യാർത്ഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം പുറത്തറിഞ്ഞതോടെ, യൂണിവേഴ്സിറ്റി ഭരണകൂടത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, രണ്ട് ഫാക്കൽറ്റി അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതായി സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അജിത് കുമാർ സ്ഥിരീകരിച്ചു.















