ലഖ്‌നൗ: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മതപരിവർത്തന റാക്കറ്റിനെ വലയിലാക്കി ഉത്തർപ്രദേശ് പോലീസ്. കേസുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളിൽ നിന്നായി 10 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
33 ഉം 18 ഉം വയസ്സുള്ള രണ്ട് സഹോദരിമാരെ കാണാതായതായി മാർച്ചിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആഗ്രയിൽ അന്വേഷണം ആരംഭിച്ചത്. മതപരിവർത്തനത്തിന് നിർബന്ധിതരായ ഇവരെ തീവ്രവാദത്തിലേക്ക് തള്ളിവിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സഹോദരിമാരിൽ ഒരാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എകെ 47 റൈഫിൾ പിടിച്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം പ്രൊഫൈൽ ചിത്രമായി ഇട്ടിരുന്നു
ലവ് ജിഹാദിലും തീവ്രവാദത്തിലും ഏർപ്പെട്ടിരിക്കുന്ന ഒരു സംഘമാണ് സഹോദരിമാരെ ലക്ഷ്യമിട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. റാക്കറ്റിന് അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ധനസഹായത്തെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് ആഗ്ര പോലീസ് അറസ്റ്റ് ചെയ്ത 10 പേർ രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗോവ, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ഇവർ നിയമവിരുദ്ധമായ ഫണ്ട് സ്വീകരിക്കൽ, രഹസ്യ പ്രവർത്തനങ്ങൾക്ക് സുരക്ഷിതമായ താമസസ്ഥലങ്ങൾ ഒരുക്കൽ, നിയമോപദേശം നൽകൽ, മതപരിവർത്തനങ്ങളും തീവ്രവാദവൽക്കരണവും സുഗമമാക്കുന്നതിന് മറ്റ് തരത്തിലുള്ള സഹായങ്ങൾ നൽകൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഈ സംഭവങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നിവയുൾപ്പെടെയുള്ള യുപി പോലീസിന്റെ പ്രത്യേക യൂണിറ്റുകളെ അന്വേഷണത്തിന് സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പോലീസ് രാജീവ് കൃഷ്ണ പറഞ്ഞു.















