കൊല്ലം: അധികൃതരുടെ ഗുരുതര അനാസ്ഥയ്‌ക്കിരയായി ഒരു കുഞ്ഞു ജീവൻ പൊലിഞ്ഞതിന് പിന്നാലെ കണ്ണ് തുറന്ന് കെഎസ്ഇബി അധികൃതർ. മിഥുൻ ഷോക്കേറ്റ് മരിക്കാനിടയായ വൈദ്യുതി ലൈൻ ജീവനക്കാരെത്തി മാറ്റി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്.
ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു ഇതിന് പിന്നാലെയാണ് നടപടി. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിലൂടെ വൈദ്യതി ലൈൻ പോയിരുന്നത്. നേരത്തെ ഈ ലൈനിലൂടെ മറ്റ് രണ്ടിടങ്ങളിലേക്കുമായി പോയിരുന്ന വൈദുതി കണക്ഷനുകൾ ഇനി മുതൽ തൊട്ടടുത്ത പോസ്റ്റിൽ നിന്നായിരിക്കും നൽകുക.















