അമരാവതി: ജഗൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് 3,200 കോടി രൂപയുടെ മദ്യ അഴിമതി നടത്തിയെന്ന കേസിൽ ആന്ധ്രാപ്രദേശ് എംപി മിഥുൻ റെഡ്ഡി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ രാജംപേട്ട് നിയോജകമണ്ഡലത്തിൽ നിന്നുള്ള എംപിയായ മിഥുൻ റെഡ്ഡിയെ, പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് രാവിലെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമായി വിജയവാഡയിലെത്തിയപ്പോഴാണ് അറസ്റ്റ്. അറസ്റ്റിനെതിരെ മിഥുൻ റെഡ്ഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലവിധിയുണ്ടായില്ല. ഇതിനുപിന്നാലെയാണ് റെഡ്ഡിയുടെ അറസ്റ്റ് . അഴിമതിയിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുർന്ന് എസ്ഐടിയും സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും മിഥുൻ റെഡ്ഡിയുടെ പേരിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കീഴടങ്ങാൻ കോടതി സമയം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ചില്ല. റെഡ്ഡിക്ക് പുറമേ ധനുഞ്ജയ് റെഡ്ഡി, കൃഷ്ണ മോഹൻ റെഡ്ഡി, ബാലാജി ഗോവിന്ദപ്പ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.















