കൊച്ചി: കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിൽ താൻ ഉറച്ചു നില്കുന്നു എന്ന് വെള്ളാപ്പള്ളി നടേശൻ.തന്നെ കത്തിച്ചാൽ പോലും അഭിപ്രായത്തിൽ നിന്ന് പിറകോട്ടില്ല. കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും താൻ പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു.
എസ്എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ആദരവ് നൽകുന്ന ചടങ്ങിലായിരുന്നു അദ്ദേഹം അഭിപ്രായം ഉറപ്പിച്ചു പറഞ്ഞത്.
‘മതപണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നു. സർക്കാർ എന്ത് ചെയ്താലും കാന്തപുരം ഉൾപെടെ മതനേതാക്കൾ ഇടപെടുന്നു. സര്‍ക്കാര്‍ നല്ലകാര്യം ചെയ്യുമ്പോഴും അത് തകർക്കുമെന്ന് മതനേതാക്കൾ വെല്ലുവിളിക്കുന്നു. താൻ പറഞ്ഞത് മുസ്‌ലിം സമുദായത്തിന് എതിരല്ല, സമുദായത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനമുണ്ടാക്കുകയാണ്. ഓണത്തിനും വിഷുവിനും എന്നെ വന്ന് കണ്ട് കൈനീട്ടം വാങ്ങുന്ന മുസ്‌ലിം വിഭാഗം ഉണ്ട്.എന്നെ കത്തിച്ചാൽ പോലും അഭിപ്രായത്തിൽ നിന്ന് പുറകോട്ടില്ല. ഞാന്‍ തീയിൽ കുരുത്തവനാണ്. SNDP കസേരയിൽ ഇരുന്ന് മറ്റു കസേരയിൽ പോകാൻ എനിക്ക് ആഗ്രഹമില്ല.എന്നെ ഇരുത്തിയ സമുദായത്തിന് വേണ്ടി പറയുക എന്നത് എന്റെ കടമ’.. വെള്ളാപ്പള്ളി പറഞ്ഞു.
‘ഈഴവനെ ആരെങ്കിലും മുഖ്യമന്ത്രി ആക്കുമോ? മുഖ്യമന്ത്രി ആകാൻ നായർ സമുദായത്തിലും മുസ്‌ലിം സമുദായത്തിലും ക്രിസ്ത്യാനികളിലും ഇഷ്ടം പോലെ പേരുണ്ട്. ഇപ്പോൾ പിണറായി ഉണ്ട്, ഇനി ഒരാള്‍ ഈഴവനിൽ നിന്ന് മുഖ്യമന്ത്രി ആകാൻ സാധ്യത കുറവാണ്.യഥാർത്ഥ വർഗീയ വാദി ആരാണ്… ലീഗ് അല്ലേ… പേരിൽ തന്നെ വർഗീയതയില്ലേ? എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ വർഗീയ വാദി ആവുന്നു’..അദ്ദേഹം പറഞ്ഞു.
“സമുദായത്തിന്റെ കാര്യം വരുമ്പോൾ മുസ്ലീങ്ങൾ ഒരുമിച്ച് നിൽക്കും.മുസ്ലിം സമുദായം കേരളത്തിൽ അജയ്യ ശക്തിയായി.അവർ ഗർജ്ജിച്ചാൽ മുട്ടുവിറയ്‌ക്കുന്ന സ്ഥിതിയാണ്. മത പണ്ഡിതർ പറയുന്നതിന് മാത്രമേ വിലയുള്ളു.മറ്റ് സംഘടിത ശക്തികൾ മതം പറഞ്ഞ് വോട്ടു പിടിക്കുമ്പോൾ അവർക്ക് വോട്ടുകുത്തുന്ന യന്ത്രങ്ങളായി ഈഴവ സമുദായം മാറുകയാണ്.ന്യൂനപക്ഷം ഭൂരിപക്ഷവും , ഭൂരിപക്ഷം ന്യൂനപക്ഷവുമായി. എല്ലാവർക്കും ജാതി പറയാം. ഈഴവർ പറഞ്ഞാൽ ഗുരുനിന്ദയായി.ഗുരുവിന്റെ വാക്കുകൾ സൗകര്യം പോലെ വ്യാഖ്യാനിക്കുകയാണ്എല്ലാവർക്കും കേറിയിറങ്ങാനുള്ള പ്രസ്ഥാനമായി ഈഴവർ മാറി.”വെള്ളാപ്പള്ളി പറഞ്ഞു















