കൊച്ചി: യുവതിയെ ആൺ സുഹൃത്ത് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തിന്റെ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ സുഹൃത്തുക്കൾക്ക് കാണിച്ചു കൊടുത്തു. ആലുവയിലെ ലോഡ്ജിലാണ് ക്രൂര കൊലപാതകം നടന്നത്. കൊല്ലം കുണ്ടറ സ്വദേശി അഖില (38) യാണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി 35 കാരൻ ബിനുവിനെ പൊലീസ് കസ്റ്റഡയിലെടുത്തു.
ആലുവ നഗരമദ്ധ്യത്തിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള തൊട്ടുങ്കൽ ടുറിസ്റ്റ് ഹോമിൽ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മുൻപ് നിരവധി തവണ ഇരുവരും ഇവിടെ താമസിച്ചിട്ടുണ്ടെന്നാണ് ജീവനക്കാർ നൽകുന്ന വിവരം. പുലർച്ച ബിനുവിന്റെ സുഹൃത്താണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ യുവതിയുടെ മൃതദേഹത്തിന് സമീപം മദ്യപിച്ച് ലക്കുകെട്ട് ഇരിക്കുന്ന ബിനുവിനെയാണ് കണ്ടത്.
വാഴക്കുളത്തെ ഒരു ലേഡീസ് ഹോസ്റ്റലിലെ വാർഡനാണ് അഖിലയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഡ്രൈവറാണ് ബിനു. ഇരുവരും കുറെ നാളായി തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാൻ അഖില ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഷാൾ മുറുക്കി അഖിലയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ബിനുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇൻക്വസ്റ്റ് നടപടികൾ ഉടൻ ആരംഭിക്കും.















