നദിയിൽ വീണ സ്ലിപ്പർ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. മധ്യപ്രദേശിലെ സിയോണിയിലാണ് ദാരുണസംഭവം. 20 കാരൻ ആയുഷ് യാദവ് ആണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അഡെഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പരേവ ഖോയിലാണ് ശനിയാഴ്ച സംഭവം നടന്നതെന്ന് വിവരം. അഞ്ച് കൂട്ടുകാർക്കൊപ്പമാണ് ആയുഷ് സ്ഥലം കാണാൻ എത്തിയത്. നദിയിൽ വീണ ചെരുപ്പ് കമ്പ് കൊണ്ട് എടുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ കാൽവഴുതി കുത്തോഴുക്കുള്ള നദിയിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾ പകർത്തിയ വീഡിയോ ആണിതെന്നാണ് നിഗമനം.
സുഹൃത്തുക്കൾ ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചു. ഞായറാഴ്ചയാണ് എസ്ഡിആർഎഫ് (സംസ്ഥാന ദുരന്ത നിവാരണ സേന) സംഘം മൃതദേഹം കണ്ടെത്തിയത്ത്. ലഖ്‌നാഡോണിലെ വാർഡ് നമ്പർ 14 ലെ താമസക്കാരനാണ് ആയുഷ് യാദവ്.















