മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർഇന്ത്യ വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്. കഴിഞ്ഞ ദിവസം മുതൽ നഗരത്തിൽ കനത്ത മഴ ലഭിച്ചിരുന്നു. റൺവേയിൽ വെള്ളം കെട്ടികിടന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
വിമാനത്തിന്റെ എഞ്ചിനുകൾ ഭാഗികമായി തകർന്നു. കേടുപാട് സംഭവിച്ച എഞ്ചിനുകളുടെ ദൃശ്യങ്ങൾ എയർ ഇന്ത്യ പങ്കുവച്ചിട്ടുണ്ട്. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് എയർഇന്ത്യ അറിയിച്ചു. വിശദമായ പരിശോധനകൾക്കായി വിമാനം ബേയിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി മുംബൈയിൽ അതിശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ശക്തമായ മഴയെ തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെടുകയുംചെയ്തു.















