തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദൻ അന്തരിച്ചു. വൈകുന്നേരം 3.20 ന് പട്ടം എസ്‌യുടി ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 102 വയസായിരുന്നു. 2006 മുതൽ 2011 വരെ മുഖ്യമന്ത്രിയായിരുന്നു.
വൈകുന്നേരം ഭൗതീകശരീരം ആശുപത്രിയിൽ നിന്നും എകെജി സെന്ററിലേക്ക് കൊണ്ടുപോകും. നാളെ 9 മണി മുതൽ ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. നാളെ ഉച്ചയ്‌ക്ക് വിലാപ യാത്രയായാണ് ആലപ്പുഴയിലേക്ക് കൊണ്ടുപോകുക. ആലപ്പുഴ വലിയ ചുടുകാട്ടിൽ മറ്റന്നാളാണ് സംസ്കാരം നടക്കുക.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീർഘനാളായി വിശ്രമജീവിതത്തിലായിരുന്നു. കഴിഞ്ഞ ജൂണ്‍ 23നാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്‌ക്ക് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടാവുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കെ. വസുമതിയാണ് ഭാര്യ. വി.വി. ആശ, വി.എ. അരുൺ കുമാർ എന്നിവർ മക്കളാണ്.
ആലപ്പുഴയിലെ പുന്നപ്രയിൽ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി 1923 ഒക്ടോബർ 20 നാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി. എസ് അച്യുതാനന്ദൻ ജനിച്ചത്. നാല് വയസ്സിൽ അമ്മയെയും 11 വയസ്സിൽ പിതാവിനെയും നഷ്ടപ്പെട്ടു.
1940 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) അംഗമായാണ് രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. സിപിഎമ്മിന്റെ സ്ഥാപാംഗം കൂടിയാണ്. 1985 മുതൽ 2009 ജൂലൈ വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. പിന്നീട് അഭിപ്രായ ഭിന്നത കാരണം കേന്ദ്ര കമ്മിറ്റിയിലേക്ക് തരം താഴ്‌ത്തി.
2016 മുതൽ 2021 വരെ സംസ്ഥാന കാബിനറ്റ് റാങ്കോടെ കേരളത്തിലെ ഭരണപരിഷ്കാര ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചു. 15 വർഷം പ്രതിപക്ഷ നേതാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.















