ന്യൂഡൽഹി: ക്ഷേത്രങ്ങളെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കർണാടകയിലെ പ്രതിപക്ഷ നേതാവ് ആർ അശോക. കർണാടകയിലെ ധർമസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. ആരെയെങ്കിലും കേസിൽ കുടുക്കണമെന്ന ലക്ഷ്യത്തോടെ അന്വേഷണം നടത്തരുത്. സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകളൊന്നും വിശ്വസിക്കരുത്. മൃതദേഹങ്ങൾ കണ്ടെത്തിയാൽ, അവരുടെ കുടുംബങ്ങൾ പരാതി നൽകും. അത്തരത്തിൽ എത്ര കേസുകളാണ് നിലവിലുള്ളത്. അക്കാര്യം സർക്കാർ തന്നെ വ്യക്തമാക്കണം.
20 വർഷങ്ങൾക്ക് ശേഷം ഒരാൾക്ക് എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ അവകാശപ്പെടാൻ സാധിക്കുന്നത്. ഒരു മതസമൂഹത്തെ അപമാനിക്കുന്നതിന് വേണ്ടി വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്നു.
ഒരാൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുറ്റപ്പെടുത്തേണ്ടത് ആ വ്യക്തിയെ ആയിരിക്കണം. ഒരു സമുദായത്തെയോ ഒരു ആരാധനാലയത്തെയോ മാത്രമായി കുറ്റപ്പെടുത്തരുതെന്നും അശോക് പറഞ്ഞു.















