തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ദർബാർ ഹാളിൽ പൊതുദർശനത്തിനുവച്ചിരിക്കുന്ന വിഎസിന്റെ ഭൗതിക ശരീരത്തിൽ ബിജെപി അധ്യക്ഷൻ പുഷ്പചക്രമർപ്പിച്ചു. പാർട്ടിക്കപ്പുറം ജനഹൃദയങ്ങളില്‍ ഇടം നേടിയ നേതാവായിരുന്നു വിഎസെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിൽ കുറിച്ചു.
ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വി.എസ്. അച്യുതാനന്ദന്റെ മരണത്തോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിന്റെ ഒരു യുഗത്തിനാണ് അവസാനമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. “എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ മുഖം നോക്കാതെ ഇടപെട്ട അദ്ദേഹം ഭൂമാഫിയകൾക്കെതിരെയടക്കം സ്വീകരിച്ച നിലപാടുകൾ എക്കാലത്തും ഓർമ്മിക്കപ്പെടും. കേരളത്തിൽ മതതീവ്രവാദ സംഘടനകൾ പിടിമുറുക്കുന്നുവെന്ന സത്യം തുറന്നുപറയാൻ ധൈര്യം കാണിച്ച ആദ്യ നേതാവ് കൂടിയായിരുന്നു അദ്ദേഹം,” ബിജെപി അധ്യക്ഷൻ കുറിച്ചു.
കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി വി എസിന്റെ മകന്‍ അരുണ്‍കുമാറിനെ കണ്ട് താന്‍ വി എസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ കഴിയാഞ്ഞ ദിവസം ഉച്ചയ്‌ക്ക് 3.20 നാണ് അന്തരിച്ചത്.















