ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. അന്താരാഷ്‌ട്ര സമുദ്ര അതിർത്തി (ഐഎംബിഎൽ) ലംഘിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്. ഇവരുടെ ബോട്ടും പിടിച്ചെടുത്തു.
രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നിന്ന് 88 ബോട്ടുകളിലായി 400 ഓളം മത്സ്യത്തൊഴിലാളികൾ ഇന്ന് രാവിലെ കടലിൽ പോയിരുന്നു. തലൈമന്നാറിനും ധനുഷ്കോടിക്കും ഇടയിലുള്ള ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ, ശ്രീലങ്കൻ നാവികസേനയുടെ ഒരു പട്രോളിംഗ് കപ്പൽ ഇവരെ തടയുകയായിരുന്നു.
മുനിയസാമി എന്ന മത്സ്യത്തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള ഒരു ബോട്ട് നാവികസേന പിടിച്ചെടുത്തു. സമുദ്രാതിർത്തി ലംഘിച്ചതിന് ബോട്ടിലുണ്ടായിരുന്ന നാല് പേരെയും അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന് ശേഷം, അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തുടർ നടപടികൾക്കായി മാന്നാർ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും.















