നോയിഡ: മൂന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച്, ഇന്ന് രാവിലെ ഹിൻഡൺ വ്യോമതാവളത്തിലെത്തി. യുഎസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക് എത്തിച്ചത്. പുതുതായി ലഭിച്ച ഹെലികോപ്റ്ററുകൾ ഇന്ത്യൻ ആർമിയുടെ ഏവിയേഷൻ കോർപ്സിന് കൈമാറുന്നതിന് മുമ്പ് പരിശോധനകൾക്ക് വിധേയമാക്കും. ഈ ഹെലികോപ്റ്ററുകൾ കൃത്യമായ നടപടിക്രമങ്ങൾക്ക് ശേഷം ജോധ്പൂരിലെ അവരുടെ താവളത്തിലേക്ക് പറക്കും.
ഹെലികോപ്റ്ററുകളുടെ വരവിനെ ഒരു നാഴികക്കല്ലായി ഇന്ത്യൻ സൈന്യം വിശേഷിപ്പിച്ചു. ഈ അത്യാധുനിക ഹെലികോപ്റ്ററുകൾ സൈന്യത്തിന്റെ പ്രവർത്തന ശേഷിയെ ശക്തിപ്പെടുത്തുമെന്ന് അവർ പറഞ്ഞു.
“ആർമി ഏവിയേഷനു വേണ്ടിയുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ന് ഇന്ത്യയിലെത്തുന്നു, ഇത് ഇന്ത്യൻ സൈന്യത്തിന് ഒരു നാഴികക്കല്ലാണ്,” സൈന്യത്തിന്റെ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു.
#Apache for Indian Army
Milestone moment for Indian Army as the first batch of Apache helicopters for Army Aviation arrive today in India.
These state-of-the-art platforms will bolster the operational capabilities of the #IndianArmy significantly.#YearofTechAbsorption… pic.twitter.com/phtlQ4SWc8
— ADG PI – INDIAN ARMY (@adgpi) July 22, 2025
2020 ൽ യുഎസുമായി ഒപ്പുവച്ച 600 മില്യൺ ഡോളറിന്റെ കരാറിന്റെ ഭാഗമായിരുന്നു ഈ ഹെലികോപ്റ്ററുകൾ. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കാരണം പിന്നീട് സമയപരിധി 2024 ഡിസംബറിലേക്ക് മാറ്റി. മൂന്ന് വീതം രണ്ട് ബാച്ചുകളായി ആറ് ഹെലികോപ്റ്ററുകൾ വിതരണം ചെയ്യാനായിരുന്നു ആദ്യ ഷെഡ്യൂൾ. ഒരു വർഷത്തിലേറെ നീണ്ട കാലതാമസത്തിന് ശേഷമാണ്, ആദ്യ ബാച്ച് ഒടുവിൽ എത്തിയത്.
2024 ൽ പരിശീലനം നേടിയ ഇന്ത്യൻ ആർമിയുടെ ഏവിയേഷൻ കോർപ്സിലെ പൈലറ്റുമാർ ആണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ പറപ്പിക്കാൻ പ്രാവീണ്യം നേടിയിട്ടുള്ളത്. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ നിർണായക പ്രവർത്തനങ്ങളിൽ സൈന്യത്തെ പിന്തുണയ്‌ക്കാൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട ചടുലത, ഫയർ പവർ, നൂതന ലക്ഷ്യ സംവിധാനങ്ങൾ എന്നിവയ്‌ക്ക് ഈ ഹെലികോപ്റ്ററുകൾ പേരുകേട്ടതാണ്.















