ചെന്നൈ: കസ്റ്റഡി മർദ്ദനത്തെത്തുടർന്ന് മരിച്ച അജിത് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. മധുര ബെഞ്ചാണ് തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിട്ടത്. സർക്കാരിനോട് അന്വേഷണത്തിലെ പുരോഗതി ആരാഞ്ഞ കോടതി ഇതിനകം നൽകിയ ഇടക്കാല നഷ്ടപരിഹാരം വർദ്ധിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
കസ്റ്റഡി മരണ കേസിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഉത്തരവ്. അജിത് കുമാറിന്റെ സഹോദരന് മൂന്ന് സെന്റ് ഭൂമിയും സർക്കാർ ജോലിയും അനുവദിച്ചതിനൊപ്പം ഇടക്കാല നഷ്ടപരിഹാരമായി 7.5 ലക്ഷം രൂപ ഇതിനകം നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ കണക്കിലെടുക്കുമ്പോൾ തുക അപര്യാപ്തമാണെന്ന് കോടതി കണ്ടെത്തി, ഇടക്കാല ആശ്വാസമായി സംസ്ഥാനം മൊത്തം 25 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടു. കേസ് പരിഗണിക്കുന്നത് ജൂലൈ 28 ലേക്ക് മാറ്റി. ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം. കസ്റ്റഡി മരണത്തിനുപിന്നാലെ അജിത്തിനെ പോലീസുകാർ ലാത്തികൊണ്ട് തുടർച്ചയായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായി. ആഭരണ മോഷണത്തിന് അറസ്റ്റിലായ യുവാവ് പോലീസ് കസ്റ്റഡിയിലെ ക്രൂര മർദ്ദനത്തെ തുടർന്നാണ് മരണപ്പെട്ടത്.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപസ്മാരം പിടിപെട്ടുവെന്നാണ് പോലീസ് ആദ്യം അവകാശപ്പെട്ടത്, എന്നാൽ പോസ്റ്റ്‌മോർട്ടത്തിലും അന്വേഷണത്തിലും ലഭിച്ച കണ്ടെത്തലുകൾ ഇതിന് വിരുദ്ധമായിരുന്നു. മദ്രാസ് ഹൈക്കോടതി ഉത്തരവിട്ട ജുഡീഷ്യൽ അന്വേഷണവും ഇത് കസ്റ്റഡി മരണമാണെന്ന് സ്ഥിരീകരിച്ചു.















