ലക്നൗ: സിഖ് സമുദായത്തിലുള്ളവർക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയതിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ച് ഉത്തർപ്രദേശ് കോടതി. കേസിൽ തിങ്കളാഴ്ച വാദം കേൾക്കും. 2024 സെപ്റ്റംബറിൽ നടന്ന യുഎസ് സന്ദർശനവേളയിലാണ് സിഖുകാർക്കെതിരെ രാഹുൽ അധിക്ഷേപ പരാമർശം നടത്തിയത്.
പരാമർശത്തിൽ രാഹുലിനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ വിവേക് ശങ്കർ തിവാരി അറിയിച്ചു. രാഹുലിന്റെ പരാമർശം സിഖ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
അധിക്ഷേപ പരാമർശത്തിന് പിന്നാലെ ഖാലിസ്ഥാൻ ഭീകരൻ ഗുർവന്ത് സിംഗ് പന്നു രാഹുലിന്റെ വാക്കുകളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇത് കൂടുതൽ വിവാദങ്ങൾക്ക് വഴിവച്ചു. ഇക്കാര്യവും ഹർജിയിൽ പറയുന്നുണ്ട്.
അമേരിക്കയിലെ വിർജീനയിലെ ഹെർണ്ടണിയിൽ നടന്ന പരിപാടിക്കിടെയാണ് രാഹുലിന്റെ വിവാദപ്രസ്താവന. രാജ്യത്തെ സിഖുകാർക്ക് തലപ്പാവ് ധരിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നാണ് രാഹുൽ പറഞ്ഞത്. ഇതിന് പിന്നാലെ വിമർശനങ്ങളുമായി ബിജെപി രംഗത്തെത്തുകയും ചെയ്തിരുന്നു.















