ന്യൂഡൽഹി: 16 മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ പ്രതിരോധസേനയ്‌ക്ക് കരുത്ത് പകരാൻ അപ്പാച്ചെ AH-64E ഹെലികോപ്റ്ററുകൾ എത്തി. ഇന്ത്യൻ പ്രതിരോധസൈന്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് എഎച്ച് -64 E അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വരവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ സ്ഥലങ്ങളിൽ സൈനിക, വ്യോമപ്രതിരോധ സേനകളുടെ ശക്തി വർദ്ധിപ്പിക്കാനും അവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സഹായിക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലേക്ക് യുഎസ് സൈന്യത്തിന്റെ കാർഗോ വിമാനത്തിലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തിയത്. യുഎസിലെ ബോയിംഗിൽ നിന്നാണ് 4,100 കോടി വിലവരുന്ന മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഭാരത മണ്ണിലെത്തിയത്.
2020-ലായിരുന്നു ആറ് അപ്പാച്ചെ വിമാനങ്ങൾക്ക് ഇന്ത്യൻ സൈന്യം ഓർഡർ നൽകിയത്. ഈ വർഷാവസാനത്തോടെ മൂന്നെണ്ണം കൂടി എത്തും. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരുന്നു അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ നിർമാണം. ഇന്ത്യൻ പ്രതിരോധസേനയുടെ ശക്തി വർദ്ധിപ്പിക്കാൻ ഈ ഹെലികോപ്റ്ററുകൾക്ക് സാധിക്കുമെന്നാണ് വിശ്വാസം.
2020-ൽ ബോയിംഗ് ഇന്ത്യൻ വ്യോമസേനയ്‌ക്ക് 22 R- മോഡൽ അപ്പാച്ചെകളുടെ വിതരണം പൂർത്തിയാക്കുകയും സൈന്യത്തിന് ആറ് AH-64E-കൾ വിതരണം ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. 2023-ലാണ് ഇന്ത്യൻ സൈന്യത്തിന് വേണ്ടി അപ്പാച്ചെ ഹെലികോപ്റ്ററുകൾ നിർമിക്കാൻ തുടങ്ങിയത്.















