ഹൈദരാബാദ്: ഭക്തർക്കുള്ള ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ശ്രീവാണി ദർശൻ ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (TTD). തിരുമല അന്നമയ ഭവന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന പുതിയ കേന്ദ്രം ടിടിഡി ചെയർമാൻ ബി ആർ നായിഡുവും എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള റാവുവും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ടിക്കറ്റുകൾ ലഭിക്കാൻ ഭക്തർ രാവിലെ 5:00 മുതൽ കാത്തിരിക്കേണ്ടി വരുന്ന നീണ്ട ക്യൂവിനെക്കുറിച്ചുള്ള ദീർഘകാല പരാതികൾക്ക് ഇതോടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. 60 ലക്ഷം രൂപയ്‌ക്ക് നിർമ്മിച്ച ഈ പുതിയ കൗണ്ടറുകൾ നൂതന അടിസ്ഥാന സൗകര്യങ്ങളോടെ ടിക്കറ്റ് ബുക്കിംഗ് വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുമെന്ന് ടിടിഡി ചെയർമാൻ ബി ആർ നായിഡു പറഞ്ഞു.
ഹൈ-ലെവൽ കോട്ടേജസ് (HVC) അന്നപ്രസാദം കോംപ്ലക്സ് (ANC) മേഖലകളിൽ നവീകരിച്ച സബ്-ഇൻക്വയറി ഓഫീസുകളും ബി ആർ നായിഡു ഉദ്ഘാടനം ചെയ്തു. മികച്ച വിവര, സഹായ സേവനങ്ങളിലൂടെ ഭക്തരുടെ പിന്തുണ മെച്ചപ്പെടുത്തുക എന്നതാണ് ഈ ആധുനിക സൗകര്യങ്ങളുടെ ലക്ഷ്യം. തീർത്ഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള സജ്ജീകരണങ്ങളും അദ്ദേഹം പരിശോധിച്ചു.















