ഇംഫാൽ: മണിപ്പൂരിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൈനികർ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇംഫാൽ ജില്ലയിലെ ലാങ്തബാലിലാണ് സംഭവം. കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നാലടി താഴ്ചയിലാണ് അവശിഷ്ടങ്ങൾ കിടന്നിരുന്നത്. തുരുമ്പെടുത്ത വെടിയുണ്ടകൾ, ഗ്രനേഡ്, വെള്ളക്കുപ്പികൾ, ടിൻ ക്യാനുകൾ, തിരിച്ചറിയാൻ കഴിയാത്ത നിരവധി സൈനിക സാമഗ്രികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കണ്ടെടുത്ത യുദ്ധാവശിഷ്ടങ്ങൾ മണിപ്പൂർ പുരാവസ്തു വകുപ്പിന് കൈമാറി.
1944-ൽ ഇംഫാൽ യുദ്ധത്തിൽ സൈന്യം ഉപയോഗിച്ചിരുന്ന സാധനങ്ങളാണ് ഇവയെന്നാണ് പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം. രണ്ടാം ലോകമഹായുദ്ധ സമയത്ത് സൈനികരുടെ ക്യാമ്പ് നടന്നിരുന്നതായി അറിയപ്പെടുന്ന കാഞ്ചിപൂർ കുന്നുകൾക്ക് സമീപമാണ് ഇവ കണ്ടെത്തിയത്. ഈ അവശിഷ്ടങ്ങൾ ബ്രിട്ടീഷ്, ഇന്ത്യൻ സൈനികരുടേതാകമെന്നാണ് വിലയിരുത്തൽ.
കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി അധികൃതർ പ്രദേശത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിലെ ഏറ്റവും ശക്തമായ പോരാട്ടങ്ങളിൽ ഒന്നായിരുന്നു ഇംഫാൽ യുദ്ധം. മാർച്ച് മുതൽ ജൂലൈ വരെയായിരുന്നു യുദ്ധം നടന്നിരുന്നത്. യുദ്ധത്തിൽ 54,000-ത്തിലധികം ജാപ്പനീസ് സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.















