തിരുവനന്തപുരം: ബിജെപിക്ക് കരുത്ത് പകരാൻ പുതിയ നേതൃത്വം. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷയായി നവ്യ ഹരിദാസിനെയും തെരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങളെന്ന് രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. സംഘടനയെ കരുത്തുറ്റതാക്കാനും വികസിത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള വഴികാട്ടികളാകാനും തെരഞ്ഞെടുക്കപ്പെട്ടവർക്ക് കഴിയട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് സ്വദേശിയായ നവ്യ ഹരിദാസ് രണ്ട് തവണയായി ജില്ലാ കോർപ്പറേഷൻ കൗൺസിൽ അംഗമാണ്. നിലവിൽ കൗൺസിലിലെ പാർട്ടി ലീഡർ കൂടിയാണ് നവ്യ. വയനാട് ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ നവ്യ മത്സരിച്ചിരുന്നു.
ഒ.ബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനായി എം. പ്രേമന്‍ മാസ്റ്റർ (മലപ്പുറം),എസ് സി മോർച്ച അദ്ധ്യക്ഷനായി ഷാജുമോൻ വട്ടേക്കാട്, എസ് ടി മോർച്ച സംസ്ഥാന അദ്ധ്യക്ഷനായി മുകുന്ദൻ പള്ളിയറ, മൈനോറിറ്റി മോർച്ച അദ്ധ്യക്ഷനായി സുമിത് ജോർജ്, കിസാൻ മോർച്ച അദ്ധ്യക്ഷനായി ഷാജി രാഘവൻ എന്നിവരെയും തെരഞ്ഞെടുത്തു.















