ന്യൂഡൽഹി: ആക്സിയം 4 ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല പൂർണ ആരോഗ്യവാനാണെന്ന് ഇസ്രോ ചെയർമാൻ ഡോ. വി നാരായണൻ. ബഹിരാകാശ നിലയത്തിൽ നിന്ന് സുരക്ഷിതമായാണ് ശുഭാംശു എത്തിയതെന്നും ഈ ദൗത്യം ഗഗൻയാൻ ദൗത്യത്തിന് പ്രധാന നാഴികക്കല്ലായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശുഭാംശു ശുക്ല പൂർണ ആരോഗ്യവാനും സന്തോഷവാനുമാണ്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥകൾ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ച ഈ ദൗത്യം രാജ്യത്തിന്റെ മനുഷ്യ ബഹിരാകാശ യാത്രകൾക്കുള്ള വഴികൾ തുറന്നിടുന്നതിനും വരാനിരിക്കുന്ന ഗഗൻയാൻ പദ്ധതിക്കായി നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനും സഹായികരമായി. വളരെയധികം സംതൃപ്തി നൽകുന്ന ദൗത്യമായിരുന്നുയിത്.
ഗഗൻയാൻ പദ്ധതിക്ക് മികച്ച സംഭാവനകൾ നൽകുന്നതിൽ രാജ്യം മുഴുവൻ സന്തുഷ്ടരാണ്. ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര ശാസ്ത്രരംഗത്ത് മികവ് മാത്രമല്ല, മറിച്ച് അഭിമാനത്തിന്റെ പ്രതീകം കൂടിയാണ്.
2027 ഓടെയാണ് ഗഗൻയാൻ ദൗത്യം നടക്കുക. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രയായ ഗഗൻയാൻ ദൗത്യത്തിന്റെ തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു.















