ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ രാജ്യത്ത് 1.9 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആകെ 237 പദ്ധതികളാണ് ഇതുവരെ നടപ്പിലാക്കിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇന്ത്യൻ റെയിൽവേയിലുടനീളം 61,462 കിലോമീറ്റർ നീളമുള്ള 892 സർവേകൾ അനുവദിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് 2009 മുതൽ 2014 വരെ 7,599 കിലോമീറ്റർ റെയിൽവേ ട്രാക്കുകളാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷം 2014 മുതൽ 25 വരെ 34,428 കിലോമീറ്റർ ട്രാക്കുകളാണ് കമ്മീഷൻ ചെയ്തത്. പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിന് കീഴിൽ വിവിധ റെയിൽവേ പദ്ധതികൾ യാഥാർത്ഥ്യമായി. പുതിയ ട്രാക്കുകൾ നിർമിക്കുന്നതിന്റെയും സ്ഥാപിക്കുന്നതിന്റെയും പ്രവർത്തനവേഗത വർദ്ധിപ്പിച്ചു.
യാത്രാക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ നൽകുന്നതിനും റെയിൽവേ മേഖല കാര്യക്ഷമമാക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതികൾ ആരംഭിച്ചു. ഈ പദ്ധതിയിൽ ഇതുവരെ 1,337 സ്റ്റേഷനുകൾ നവീകരിച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും അത്യാധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനും റെയിൽവേ മന്ത്രാലയം മുൻഗണന നൽകുന്നു. ഇതിനായി വന്ദേഭാരത് ട്രെയിനുകൾ, അമൃത് ഭാരത് ട്രെയിനുകൾ, നമോ ഭാരത് റാപ്പിഡ് റെയിൽ എന്നിവ റെയിൽവേ കൊണ്ടുവന്നു. യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിലും റെയിൽവേ വിവിധ പദ്ധതികൾ നടപ്പിലാക്കിയിരുന്നു.















