ന്യൂഡൽഹി: ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറിൽ (FTI) ഒപ്പുവച്ചു. ലണ്ടനിൽ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി മന്ത്രി കെയർ സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുകെയുടെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും കരാറിൽ ഒപ്പുവച്ചത്.
കരാർ പ്രതിവർഷം 34 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 2020 ൽ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം യുകെ ഒരു രാജ്യവുമായി ഒപ്പുവച്ച ഏറ്റവും വലിയ കരാറാണിത്.
ഇന്ത്യയിലെ ജനങ്ങൾക്കും വ്യവസായങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങൾ, എയ്‌റോസ്‌പേസ് ഭാഗങ്ങൾ തുടങ്ങിയ യുകെ നിർമ്മിത ഉൽപ്പന്നങ്ങൾ താങ്ങാവുന്നതും മത്സരാധിഷ്ഠിതവുമായ വിലയ്‌ക്ക് ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
“ഒരു വശത്ത്, ഇന്ത്യൻ തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, സമുദ്രോത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്ക് യുകെയിൽ മികച്ച വിപണി പ്രവേശനം ലഭിക്കും. ഇന്ത്യയുടെ കാർഷിക ഉൽപന്നങ്ങൾക്കും സംസ്കരിച്ച ഭക്ഷ്യ വ്യവസായത്തിനും യുകെ വിപണിയിൽ പുതിയ അവസരങ്ങൾ ഉയർന്നുവരും. ഈ കരാർ പ്രത്യേകിച്ചും ഇന്ത്യൻ യുവാക്കൾക്കും, കർഷകർക്കും, മത്സ്യത്തൊഴിലാളികൾക്കും, എംഎസ്എംഇ മേഖലയ്‌ക്കും ഗുണം ചെയ്യും,” അദ്ദേഹം പറഞ്ഞു.
അതേസമയം എഫ്‌ടിഎ ഇന്ത്യയ്‌ക്കും യുകെയ്‌ക്കും വലിയ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. “നമ്മുടെ രണ്ട് രാജ്യങ്ങൾക്കും വലിയ നേട്ടങ്ങൾ നൽകുന്ന ഒരു കരാറാണിത്, വേതനം ഉയർത്തുക, ജീവിത നിലവാരം ഉയർത്തുക, അധ്വാനിക്കുന്ന ജനങ്ങളുടെ പോക്കറ്റിൽ കൂടുതൽ പണം എത്തിക്കുക ,താരിഫ് കുറയ്‌ക്കുക, വ്യാപാരം വിലകുറഞ്ഞതും വേഗത്തിലുള്ളതും എളുപ്പവുമാക്കുക, എന്നിവയെല്ലാം ഈ കരാറിലൂടെ യാഥാർഥ്യമാകും” അദ്ദേഹം പറഞ്ഞു.















