കണ്ണൂർ: ജയിൽച്ചാടിയ ചാർളി തോമസ് എന്ന ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് തളാപ്പിലുള്ള നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ കിണറ്റിൽ. ഒളിച്ചിരിക്കുന്ന ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത് ഓഫിസിലെ സുരക്ഷാ ജീവനക്കാരനായ എം ഉണ്ണികൃഷ്ണനായിരുന്നു. പിടിയിലാകുമെന്ന് കണ്ടതോടെ കിണറ്റിൽ കിടന്ന് ഗോവിന്ദച്ചാമി ഭീഷണിമുഴക്കി. മിണ്ടിയാൽ കുത്തിക്കൊല്ലുമെന്നായിരുന്നു ഭീഷണി.
ഓഫീസിന്റെ പരിസരത്ത് ഉണ്ണികൃഷ്ണൻ പരിശോധന നടത്തിയിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് വീണ്ടും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് ഉണ്ണികൃഷ്ണനെതിരെ ഗോവിന്ദച്ചാമി കൊലഭീഷണി മുഴക്കിയത്.
“കിണറിന്റെ പരിസരത്ത് വന്ന് നോക്കുന്ന സമയത്താണ് ഗോവിന്ദച്ചാമിയെ പിടികൂടി എന്ന വാർത്ത വന്നത്. പിന്നീട് അവിടെ നിന്ന് എല്ലാവരും പോയി. കുറച്ച് സമയം കഴിഞ്ഞപ്പോൾ കിട്ടിയില്ലെന്ന് അറിഞ്ഞ് വീണ്ടും വന്ന് പരിശോധിച്ചു. അപ്പോൾ കിണറ്റിൽ നോക്കിയപ്പോഴാണ് ഗോവിന്ദച്ചാമി ഒളിച്ചിരിക്കുന്നത് കണ്ടത്. വെള്ളത്തിന് നിന്ന് പൊങ്ങിവന്നു. കയറിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഞങ്ങളെ കണ്ടയുടൻ, മിണ്ടിയാൽ കുത്തിക്കൊല്ലുമെന്ന് പറഞ്ഞു. അപ്പോൾ തന്നെ ബഹളം വച്ചു. എല്ലാവരെയും വിളിച്ചറിയിച്ചുവെന്നും” ഉണ്ണികൃഷ്ണൻ പറഞ്ഞു.















