മണിപ്പൂരിൽ സംയുക്ത സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. ജൂലൈ 26 ന് പുലർച്ചെയാണ് പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് ജില്ലകളിലായി പരിശോധന നടന്നത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.
90 തോക്കുകൾ, റൈഫിളുകൾ, പിസ്റ്റളുകൾ, 728 വെടിയുണ്ടകൾ, ഗ്രനേഡുകൾ, സെൽഫ് ലോഡിംഗ് റൈഫിളുകൾ, ഐഇഡികൾ, സ്ഫോടകവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. 24 വയർലെസ് ഹാൻഡ്സെറ്റുകളും കണ്ടെടുത്തിട്ടുണ്ട്.
ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലാണ് ഓപ്പറേഷൻ നടന്നത്. മണിപ്പൂർ പൊലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), ആർമി/അസം റൈഫിൾസ് എന്നിവ ഓപ്പറേഷന്റെ ഭാഗമായി.
സംസ്ഥാനത്ത് സായുധ അക്രമം തടയുന്നതിലും ശാശ്വത സമാധാനം കൈവരിക്കുന്നതിലും നിർണായക ചുവടുവയ്പ്പാണിതെന്ന് മാധ്യമങ്ങളോട് സംസാരിച്ച ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (സോൺ-II) കെ കബീബ് പറഞ്ഞു.















