ആലപ്പുഴ: മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ റോഡിൽ തള്ളിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മാരാരിക്കുളം പൊലീസാണ് തണ്ണൂർമുക്കം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ചേർത്തല ദേശീയപാതയിൽ ഓട്ടോകാസ്റ്റിന് സമീപത്താണ് സംഭവം. കഴിഞ്ഞ ദിവസം പുലർച്ചെ 4.45 ഓടെയാണ് മാലിന്യം ഉപേക്ഷിച്ചത്.
ടാങ്കർ ലോറിയിൽ കൊണ്ടുവന്ന മാലിന്യം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. നേരം വെളുത്തപ്പോൾ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പൊതുജനങ്ങൾക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന തരത്തിൽ മാലിന്യം തള്ളിയതിന് ഗുരുതര നിയമങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.















