ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നി വിഷയങ്ങളിൽ
പാർലമെന്റിൽ ഇന്ന് പ്രത്യേക ചർച്ച നടക്കും. ലോക്‌സഭയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചർച്ചയ്‌ക്ക് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ബിജെപി എംപിമാരായ അനുരാഗ് താക്കൂർ, നിഷികാന്ത് ദുബെ എന്നിവരും പങ്കെടുക്കുമെന്ന് വിവരം. രാജ്യസഭയിൽ ചൊവ്വാഴ്ചയാണ് ചർച്ച ആരംഭിക്കുക. ഇരു സഭകളിലും 16 മണിക്കൂർ വീതം ചർച്ചയ്‌ക്കായി മാറ്റിവച്ചിട്ടുണ്ടെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആവശ്യം മാനിച്ചാണ് മാരത്തോൺ ചർച്ചയ്‌ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ ആഗോള തലത്തിൽ വിശദീകരിച്ച പ്രതിനിധിസംഘത്തെ നയിച്ച ശശി തരൂരിനെ, ഈ വിഷയത്തിൽ ലോക്‌സഭയിൽ സംസാരിക്കാൻ കോൺഗ്രസ് അനുവദിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലോക്‌സഭ പാസാക്കിയ കടൽ വഴിയുള്ള ചരക്ക് നീക്ക ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.















