കാസർഗോഡ്: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ക്ഷീരകർഷകൻ മരിച്ചു. കോളിയടുക്കം സ്വദേശി കുഞ്ഞൂണ്ടൻ നായർ(84) ആണ് മരിച്ചത്.
കോളിയടുക്കം വയലാംകുഴിയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അത്യാഹിതം. പശുവിനെ മേയ്ക്കാൻ വയലിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പശുവിനാണ് ആദ്യം ഷോക്കേറ്റത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞൂണ്ടൻ നായർക്കും ഷോക്കേൽക്കുകയായിരുന്നു. കുഞ്ഞൂണ്ടൻ നായരുടെ പശുവും ചത്തു.
വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ നടത്തിയ തിരച്ചലിൽ വയോധികനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.















