ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യൻ സൈനിക നീക്കം വിജയകരവും വേഗത്തിലുമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ലോക്സഭയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ- പാക് സംഘർഷത്തിൽ വെടിനിർത്തലിന് മദ്ധ്യസ്ഥത വഹിച്ചത് യുഎസ് ആണെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ രാജ്നാഥ് സിംഗ് തള്ളിക്കളഞ്ഞു. വെറും 22 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷനിൽ പാകിസ്ഥാൻ, പാക് അധീന കശ്മീരിലെ ഏഴ് പ്രധാന ക്യാമ്പുകൾ ഉൾപ്പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു.
വളരെ വേഗത്തിലും ശ്രദ്ധാപൂർവ്വവും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ദൗത്യമാണ് ഓപ്പറേഷൻ സിന്ദൂർ. നിരപരാധികളായ ജനങ്ങളെ ലക്ഷ്യമിടാതെ ഭീകരവാദ അടിസ്ഥാനസൗകര്യങ്ങളെ തകർക്കാൻ മാത്രമാണ് ഇന്ത്യൻ സൈന്യം ശ്രമിച്ചത്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. താത്ക്കാലികമായി നിർത്തിവയ്‌ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഭാവിയിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കും.
പിഒകെയിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. എത്ര പാകിസ്ഥാൻ വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന് പ്രതിപക്ഷം ഒരിക്കലും ചോദിച്ചിട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.















