ആലപ്പുഴ: ചേർത്തലയിൽ വീട്ടുവളപ്പിൽ നിന്ന് കത്തിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളിയിൽ നിന്നും കാണാതായ ബിന്ദു, കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ ജയമ്മ എന്നീ കേസുകളിലെ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം കൂടുതൽ അന്വേഷണത്തിനായി മാറ്റിയിട്ടുണ്ട്.
2017-ലാണ് യുവതികളെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നത്. ചേർത്തല സ്വദേശിനിയായ ബിന്ദുവിനെ കാണാനില്ലെന്ന് കാട്ടി സഹോദരൻ പ്രവീൺ കുമാറാണ് പരാതി നൽകിയത്. ഈ കേസിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
ബിന്ദുവിന്റെ തിരോധാനത്തിലെ പ്രധാനപ്രതി സെബാസ്റ്റ്യനെ നുണപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബിന്ദുവും സെബാസ്റ്റ്യനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും പലവണ ബിന്ദു പ്രതിയുടെ വീട്ടിൽ വന്നിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
കൂടാതെ ബിന്ദുവിന്റെ പേരിൽ ഇടപ്പള്ളിയിലെ ഭൂമി വ്യാജപ്രമാണമുണ്ടാക്കി കൈമാറ്റം നടത്തിയ കേസിലും പ്രതിയാണ് സെബാസ്റ്റ്യൻ. ബിന്ദുവിന്റെ തിരോധാനത്തിന് ശേഷം സെബാസ്റ്റ്യന്റെ ജീവിത പശ്ചാത്തലം മെച്ചപ്പെട്ടുവെന്നും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന സെബാസ്റ്റ്യന് വൻ തോതിൽ പണമുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.















