ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഷീം മൂസ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ച ഓപ്പറേഷൻ മഹാദേവയിൽ സന്തോഷമുണ്ടെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ ഐഷാന്യ ദ്വിവേദി. വേദന മാറിയില്ലെന്നും സമാധാനമുണ്ടെന്നും ഐഷാന്യ ദ്വിവേദി പറഞ്ഞു. ഓപ്പറേഷൻ മഹാദേവയ്‌ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
എനിക്ക് ശരിക്കും ആശ്വാസം തോന്നുന്നുണ്ട്. പക്ഷേ വേദന മാറിട്ടില്ല. പഹൽഗാമിൽ അവധിക്കാലം ആഘോഷിക്കുന്ന സമയത്താണ് ഭീകരാക്രമണം നടക്കുന്നത്. ഭീകരവാദം ഒരു അർബുദം പോലെയാണ്. അത് അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ത്യൻ സൈന്യത്തിൽ എനിക്ക് വിശ്വാസമുണ്ട്. അതിനാൽ അവരെ എല്ലാവരെയും നശിപ്പിക്കുമെന്ന് അറിയാമെന്നും അവർ പറഞ്ഞു.
അവർ കൂട്ടമായിട്ടാണ് ഞങ്ങൾക്ക് നേരെ വന്നത്. അവർ പല സ്ഥലങ്ങളിൽ നിന്നാണ് തോക്കുമായി എത്തിയത്. ആദ്യം വെടിയുതിർത്തത് എന്റെ ഭർത്താവിനായിരുന്നു. പ്രവേശന കവാടത്തിൽ നിന്നാണ് അവർ എത്തിയത്. തോക്കുകൾ എങ്ങനെയാണ് അവിടെ എത്തിയതെന്ന് ഞങ്ങൾക്ക് അറിയില്ല. കാരണം വലിയ ആയുധങ്ങൾ കൊണ്ടുപോകാൻ കഴിയില്ല. ഭീകരാക്രമണത്തിന്റെ ഇരകളാണ് ഞങ്ങൾ. അതിനെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും ഞങ്ങൾക്ക് ഉറങ്ങാൻ കഴിയില്ലെന്നും ഐഷാന്യ ദ്വിവേദി പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് കശ്മീരിലെ വനമേഖലകളിൽ ഓപ്പറേഷൻ മഹാദേവ നടന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഷിം മൂസ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ.















