ന്യൂഡൽഹി: പഹൽഗാമിൽ ആക്രമണം നടത്തിയവർ പാകിസ്ഥാനിൽ നിന്നുള്ളവരായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് പാകിസ്ഥാന്റെ വോട്ടർ ഐഡിയുണ്ടായിരുന്നെന്നും അവരുടെ താമസസ്ഥലത്ത് നിന്ന് ലഭിച്ച ചോക്ലേറ്റുകൾ പോലും പാകിസ്ഥാനിൽ നിർമിച്ചതാണെന്നും അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് നടത്തിയ വിശദീകരണ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കൊല്ലപ്പെട്ട ഭീകരർ പാകിസ്ഥാനിലുള്ളവരാണെന്ന് തെളിയിക്കുന്ന എന്ത് തെളിവാണ് നിങ്ങളുടെ പക്കലിൽ ഉള്ളത് എന്ന കോൺഗ്രസ് നേതാവ് ചിദംബരത്തിന്റെ ചോദ്യത്തിനായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി. ഭീകരരെ കുറിച്ചുള്ള നിർണായക തെളിവുകൾ ഇന്ത്യയുടെ കൈവശമുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ടവരാണിവർ. അതിന് കൃത്യമായ തെളിവുകളുണ്ട്. ഭീകരരുടെ പാകിസ്ഥാൻ വോട്ടർ നമ്പറുകളും ഞങ്ങളുടെ പക്കലുണ്ട്. ഇതിൽ കൂടുതൽ എന്ത് തെളിവാണ് നിങ്ങൾക്ക് വേണ്ടതെന്നും അമിത് ഷാ ചോദിച്ചു.
പുൽവാമയിൽ ആക്രമണം നടത്തിയവരും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകരർ ഉപയോഗിച്ച റൈഫിളുകളും വെടിയുണ്ടകളും പാകിസ്ഥാനിൽ നിർമിച്ചതാണ്. നൂർ ഖാൻ, മുരീദ്, സർഗോധ, റഫീക്കി, റഹിം യാർ ഖാൻ, ജേക്കബാബാദ്, സുക്കൂർ, ബൊളാരി എന്നിവിടങ്ങളിലെ വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. ഇന്ത്യൻ സായുധസേന പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് തരിപ്പണമാക്കി. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളൊന്നും ഇല്ലായിരുന്നെന്നും അമിത് ഷാ പറഞ്ഞു.















