എച്ച്ഐവി പോസിറ്റീവായ അനുജനെ സഹോദരിയും ഭർത്താവും ചേർന്ന് കൊലപ്പെടുത്തി. കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് കൊലപാതകം നടന്നത്. 23കാരൻ മല്ലികാർജുൻ ആണ് കൊല്ലപ്പെട്ടത്. സഹോദരി നിഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് മഞ്ചുനാഥ് ഒളിവിലാണ്.
ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് മല്ലികാർജുൻ ജോലി ചെയ്യുന്നത്. ജൂലായ് 23ന് വാഹനപകടത്തിൽ മല്ലികാർജുന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയ്‌ക്ക് മുമ്പ് നടത്തിയ രക്തപരിശോധനയിലാണ് മല്ലികാർജുൻ എച്ച്ഐവി പോസിറ്റീവ് ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ഈ വിവരം സഹോദരിയെ അറിയിക്കുകയും ചെയ്തു. ഇതിനിടെ അമിത രക്തസ്രവത്തെ തുടർന്ന് യുവാവിന്റെ സ്ഥിതി ഗുരുതരമായി.
തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ സഹോദരിയോടും ഭർത്താവിനോടും നിർദ്ദേശിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ ഇവർ മല്ലികാർജുനയെ കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹത്തിൽ പാടുകൾ കണ്ടാണ് പിതാവ് നാഗരാജപ്പയ്‌ക്ക് സംശയ തോന്നിയത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. എച്ച്ഐവി പുറത്ത് അറിഞ്ഞാൽ കുടുംബത്തിന് നാണക്കേട് ഉണ്ടാകുമെന്ന് ഭയന്നാണ് കൊല നടത്തിയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ സ്വത്തിനു വേണ്ടിയാണ് മകനെ കൊലപ്പെടുത്തിയതെന്നാണ് പിതാവ് നാഗരാജപ്പയുടെ ആരോപണം.















