ന്യൂഡല്‍ഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള കാന്തപുരം എ പി അബുബക്കർ മുസലിയാരുടെ അവകാശവാദങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളി. ‘നിമിഷ പ്രിയ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ തെറ്റാണ്,’ എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
നിമിഷ പ്രിയയ്‌ക്ക് യമൻ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയതായി കഴിഞ്ഞ ദിവസമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. മോചനത്തിനായി ചര്‍ച്ചകള്‍ തുടരും എന്നും കാന്തപുരം അവക്ഷപ്പെട്ടിരുന്നു . വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരുടെ ഓഫിസ് അറിയിച്ചത്. നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷ ഇപ്പോള്‍ പൂര്‍ണമായി റദ്ദ് ചെയ്തതതെന്നും സനായില്‍ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നുമാണ് കാന്തപുരം അവകാശപ്പെട്ടത് .
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്‌ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത് എന്നും അബുബക്കർ മുസലിയാരുടെ ഓഫീസ് അവകാശപ്പെട്ടു.
യെമന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക രേഖാമൂലമുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ ഭാരതീയ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് കൊല്ലപ്പെട്ട യെമൻ പൗരന്റെ സഹോദരൻ അബ്ദുൾ ഫത്താഹ് മെഹ്ദി. ആരുമായി ചർച്ച നടത്തിയെന്നത് കാന്തപുരം വ്യക്തമാക്കണമെന്ന് ഹത്താഫ് മെഹ്ദി സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പേരും പ്രത്യേകം എടുത്ത് പറഞ്ഞു കൊണ്ടുള്ള കുറിപ്പിന്റെ മലയാള പരിഭാഷയും പോസ്റ്റിലുണ്ട്.
സത്യസന്ധമല്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നത്. ആരുമായാണ് നിങ്ങൾ ചർച്ച നടത്തിയതെന്ന് വ്യക്തമാക്കണം. ചർച്ച നടത്തിയെങ്കിൽ പരസ്യ സംവാദത്തിന് തയ്യാറാണ് എന്ന തരത്തിലാണ് അബ്ദുൾ ഹത്താഫ് മെഹ്ദിയുടെ വാക്കുകൾ.















