ന്യൂഡൽഹി: റഷ്യൻ തീരങ്ങളിൽ പലയിടങ്ങളിലും സുനാമി. മൂന്ന് മുതൽ നാല് മീറ്റർ വരെ ഉയരത്തിലാണ് സുനാമി ആഞ്ഞടിച്ചത്. റഷ്യയുടെ കാംചാട്ക തീരത്ത് വൻഭൂചലനവുമുണ്ടായതായാണ് വിവരം. 2011-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിത്. റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. കടലിന്റെ മദ്ധ്യഭാഗത്താണ് ഭൂചലനമുണ്ടായത്.
ജപ്പാനിലെ ചില തീരങ്ങളിലും സുനാമി അനുഭവപ്പെട്ടു. 45 സെന്റീമീറ്ററോളം ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അപകടകരമായ തരത്തിൽ തിരമാല ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യയുടെ തീരപ്രദേശങ്ങളിൽ വൻ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നതായാണ് വിവരം. നാല് ലക്ഷത്തോളം ആളുകളാണ് തീരപ്രദേശങ്ങളിൽ താമസിക്കുന്നത്. അതിനാൽ തന്നെ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിൽ നടക്കുന്നുണ്ട്. അമേരിക്കയിലെ ചില ഭാഗങ്ങളിലും സുനാമി സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.















