കൊച്ചി: പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപ്പിൽ കുരുക്കി 30 കോടി തട്ടാൻ ശ്രമിച്ച പ്രൈവറ്റ് സെക്രട്ടറിയായ യുവതിയും ഭർത്താവും അറസ്റ്റിൽ. തൃശൂർ വലപ്പാടി സ്വദേശി ശ്വേത, ഭർത്താവ് കൃഷ്ണദേവ് എന്നിവരെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ചാറ്റ് പുറത്തുവിടുമെന്നും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് പരാതിപ്പെടുമെന്നും പറഞ്ഞാണ് പ്രതികൾ പണം തട്ടാൻ ശ്രമിച്ചത്. വ്യവസായിയിൽ നിന്നും വാങ്ങിയ 10 കോടിയുടെ രണ്ട് ചെക്ക് ഇവരിൽ നിന്നും പിടിച്ചെടുത്തു.
ഇൻഫോ പാർക്കിൽ ഐടി സ്ഥാപനം നടത്തുന്ന വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു യുവതി. ഒന്നരവർഷമായി യുവതി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇൻഫോപാർക്കിൽ റെസ്റ്റോറന്റ് നടത്തുകയാണ് ഭർത്താവ് കൃഷ്ണദേവ്. ക്രമക്കേടുകൾ പുറത്തുവന്നതോടെ ശ്വേത ജോലി രാജിവച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി സ്ഥാപനത്തിന്റെ ഡയറക്ടറെയും രണ്ട് ജീവനക്കാരെയും ഒരു ഹോട്ടലിൽ വിളിച്ച് വരുത്തി. വ്യവസായിക്ക് താനുമായി രഹസ്യബന്ധമുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയത്. ഭീഷണി ശക്തമായതോടെ വ്യവസായി 50,000 രൂപയും 20 കോടിയുടെ ചെക്കുകളും കൊടുത്തു. തുടർന്ന് വ്യവസായി പൊലീസിൽ പരാതി നൽകുകയായിരുന്നു.















