ന്യൂഡൽഹി: കശ്മീരിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആണെന്ന് ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിൽ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരസംഘടനയുടെ ഭാഗമായാണ് ടിആർഎഫ് പ്രവർത്തിക്കുന്നത്. ഇതാദ്യമായാണ് ടിആർഎഫിന്റെ പേര് ഐക്യരാഷ്‌ട്രസഭ പരാമർശിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ മോണിറ്ററിംഗ് ടീമിന്റെ റിപ്പോർട്ട് പ്രകാരം പഹൽഗാമിൽ ആക്രമണം നടത്തിയത് അഞ്ച് ഭീകരരാണ്. ഭീകരാക്രമണത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ടിആർഎഫ് ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.
ലഷ്കർ ഇ ത്വയ്ബയുടെ പേര് പരാമർശിച്ചെങ്കിലും ഇതിന് എതിർത്ത് ചില രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ലഷ്കർ ഭീകരരുടെ പിന്തുണയില്ലാതെ ആക്രമണം നടത്താൻ ടിആർഎഫിന് സാധിക്കില്ലെന്ന് രണ്ട് അംഗരാജ്യങ്ങൾ ശക്തമായി വാദിച്ചു.
ലഷ്കർ ഭീകരസംഘടനയെ യുഎസ് ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.















