ചെങ്ങന്നൂർ: ആൺസുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടി നൽകിയ രഹസ്യമൊഴിയെ തുടർന്ന് പോക്സോ കേസിൽ 75 കാരൻ ജയിലിൽ കിടന്നത് ഒൻപത് മാസം. മുൻപ് നൽകിയത് കള്ളമൊഴിയാണെന്ന് സ്കൂൾ വിദ്യാർത്ഥിനിയായ അതീജീവിത കോടതിയിൽ പറഞ്ഞതോടെ അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. ആലപ്പുഴ സ്വദേശി എം. ജെ ജോസഫിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. വിവാഹിതനാണ് പെൺകുട്ടിയുടെ ആൺസുഹൃത്ത്.
ആലപ്പുഴയിലെ നഗരത്തിലെ എയിഡഡ് സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യവേയാണ് ജോസഫ് പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. പെൺകുട്ടിക്ക് വിവാഹിതനുമായുള്ള ബന്ധം ജോസഫ് കണ്ടെത്തിയിരുന്നു. ഇത് വീട്ടിൽ അറിയിക്കുമെന്ന് ഭയന്നാണ് വ്യാജ പീഡനാരോപണം ഉന്നയിച്ചത്.
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2022 നവംബർ എട്ടിനാണ് പൊലീസ് ജോസഫിനെ അറസ്റ്റ് ചെയ്തത്. സാമൂഹ്യ പ്രവർത്തകൻ കൂടിയായ ജോസഫ് പോക്സോ കേസിൽ അറസ്റ്റിലായത് പ്രദേശവാസികളിൽ വലിയ ഞെട്ടലുണ്ടാക്കി.
പത്ത് വർഷം മുമ്പ് ക്യാൻസർ ബാധിതായായി ഭാര്യ മരിച്ചതോടെ മക്കളുടെ കൂടെയാണ് ജോസഫ് താമസിച്ചത്. പിതാവ് നിരപരാധിയാണെന്ന് ഉത്തമബോധ്യമുണ്ടായിരുന്ന മക്കൾ ജോസഫിന്റെ കൂടെ നിന്ന് കോടതി കയറി ഇറങ്ങി. ഒടുവിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന ദിവസം ജോസഫിനെ പെൺകുട്ടി നേരിൽ കണ്ടു. തുടർന്ന് വിവാഹിതനായ കാമുകൻ പറഞ്ഞിട്ടാണ് ജോസഫിനെതിരെ പരാതി നൽകിയതെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് പെൺകുട്ടി കോടതി മുൻപാകെ പറയുകയായിരുന്നു.
ലീഗൽ സർവ്വീസ് കാലത്ത് പരിചയപ്പെട്ട അഡ്വ. എം. ജെ ബൈജു പ്രതിഫലം വാങ്ങാതെയാണ് കേസ് വാദിച്ചത്. പെൺകുട്ടിയെ കള്ളമൊഴി നൽകാൻ പ്രേരിപ്പിച്ച കാമുകനെ പ്രതിയാക്കി ആലപ്പുഴ നോർത്ത് കേസെടുത്തിരുന്നു. ഇതിന്റെ വിചാരണ ചെങ്ങന്നൂർ പോക്സോ കോടതിയിൽ ഉടൻ ആരംഭിക്കും.















