വയനാട്: ചൂരൽമല – മുണ്ടക്കൈ നിവാസികൾക്ക് വീട് നിർമ്മിക്കുന്നതിൽ സർക്കാരിനെതിരെ ആക്ഷേപം. 1000 ചതുരശ്രയടി വീടിന് 30 ലക്ഷം രൂപ എങ്ങനെ ചെലവായി എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. അശാസ്ത്രിയമായ ഡിസൈനിലാണ് വീട് നിർമിച്ചിരിക്കുന്നതെന്നും നിർമ്മാണ സാമഗ്രികൾ നിലവാരം കുറഞ്ഞവയെന്നുമാണ് പ്രധാന ആരോപണം. വീടിന്റെ ചിത്രം പുറത്തു വന്നതിന് പിന്നാലെ കടുത്ത രോഷമാണ് സർക്കാരിനെതിരെ ഉയരുന്നത്.
വീടിന്റെ ഡിസൈൻ അശാസ്ത്രീയമാണെന്ന് മുൻപ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് ‘ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റി’ ചെയർമാൻ ഷാജി മോൻ പറഞ്ഞു. ഇക്കാര്യം ജില്ലാ കളക്ടറോടും കൃത്യമായി സംസാരിച്ചിരുന്നു. മുൻപ് വശത്ത് ചെയ്ത ട്രസ്സ് വർക്ക് വയനാടിലെ കാലാവസ്ഥയ്‌ക്ക് അനുയോജ്യമല്ല. അതിലൂടെ വെള്ളം ഇടത് വശത്തെ കിടപ്പുമുറിയിൽ ഇറങ്ങും. ചുമരിൽ വെള്ളം ഇറങ്ങി വീട് ദുർബലമാകാനും സാധ്യതയുണ്ട്. മുൻവശത്ത് ചെയ്ത് സൺഷെയ്ഡുകളും യാതൊരു ഉത്തരവാദിത്തമില്ലാതെ ആളെ പരിഹസിക്കുന്ന തരത്തിലാണ് ചെയ്തത്.
വീട് കണ്ട് സന്തോഷിക്കുന്നവരുടെ വീഡിയോ കൈരളി ചാനലിൽ കണ്ടു. ചൂരൽമലയിലെ സിപിഎം കുടുംബങ്ങളെ തിരഞ്ഞ് പിടിച്ചാണ് അവർ കൊണ്ടു നിർത്തിയത്. ഇത് എല്ലാവർക്കും വ്യക്തമായി അറിയാം.
വീടിന് 30 ലക്ഷം രൂപ എന്നാണ് മന്ത്രി രാജൻ പറഞ്ഞത്. ഞാനും നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്. സ്ക്വർ ഫീറ്റിന് 1800- 2000 രൂപയ്‌ക്ക് മാന്യമായ വീട് വയ്‌ക്കാം. മുൻപശത്ത് വച്ചിരിക്കുന്നത് സ്കിൻ ഡോറാണ്. 2x 2 ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞത് 4x 2 ടൈലെങ്കിലും ഏത് വിടിനും ചെയ്യും. ഇത് ദാനം കൊടുക്കുന്നതല്ലേ എന്നാണ് അവരുടെ ഭാവം. നല്ലവരായ മലയാളികൾ കൊടുത്ത 772 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുണ്ട്. നമ്മുടെ അടക്കം നികുതി പണവും വീടിന് ഉപയോഗിക്കുന്നുണ്ട്. ഊരാളുങ്കലിന് പണമുണ്ടാക്കി കൊടുക്കു എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്നും ഷാജി മോൻ പറഞ്ഞു.















